ആടുജീവിതം സിനിമയുടെ പുതിയ പോസ്റ്റർ എത്തി

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസ്സി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആട് ജീവിതം. പത്തുവർഷംകൊണ്ട് പൂർത്തിയാക്കിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. ആടുജീവിതത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് പൃഥ്വിരാജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ നജീബ് എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് ആട് ജീവിതത്തിന്റെ കഥ വികസിക്കുന്നത്. പൃഥ്വിരാജ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് നജീബ് ഗൾഫിലേക്ക് കുടിയേറുന്നതിന് മുൻപുള്ള ലുക്കാണ്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി എടുത്ത സിനിമ മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രങ്ങളിൽ ഒന്നാണ്. നജീബ് എന്ന കഥാപാത്രമായി മാറുന്നതിന് പൃഥ്വിരാജ് എടുത്ത കഷ്ടപ്പാടുകൾ വലുതായിരുന്നു.

കോവിഡ് മൂലം മുടങ്ങിപ്പോയ ചിത്രത്തിൻറെ ഷൂട്ടിംഗ് മൂന്ന് ഷെഡ്യൂളുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. സിനിമ ചിത്രീകരണത്തിന്റെ ഏറിയ പങ്കും നടന്നത് ജോർദാനിൽ ആണ്. 2024 ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.